ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നാല് തൊഴിൽ കോഡുകൾ പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം.
പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ തൊഴിൽ, കാർഷിക സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർ മന്ദറിലായിരുന്നു പ്രതിഷേധം.
തൊഴിലാളിവിരുദ്ധമെന്നും തൊഴിലുടമയ്ക്ക് അനുകൂലമെന്നും ട്രേഡ് യൂണിയനുകൾ വിശേഷിപ്പിച്ച തൊഴിൽ കോഡുകൾ പൂർണമായും പിൻവലിക്കുന്നതുവരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടത്തുമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.
മിനിമം വേതനം തൊഴിൽ കോഡിലൂടെ ഉറപ്പാക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും കർഷകസംഘടനകൾ ആവശ്യപ്പെടുന്ന മിനിമം വേതനം പാസാക്കാൻ കേന്ദ്രം നിയമം പാസാക്കിയിട്ടുണ്ടോയെന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർ ചോദിച്ചു.
300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾക്കു സർക്കാർ അനുമതിയില്ലാതെ പിരിച്ചുവിടാമെന്ന വ്യവസ്ഥയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെയും പണിമുടക്കാനുള്ള അവകാശത്തെയും ബാധിക്കുന്ന വ്യവസ്ഥകളും തൊഴിലാളികളെ അടിമകളായി കാണാമെന്ന പ്രതീതി സൃഷ്ടിക്കുന്നതാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.